ഇന്ത്യൻ വാഹന വിപണിയുടെ ചാകരക്കാലമായ ഉത്സവ സീസണിന് കൊടിയേറിയതോടെ ഗംഭീര ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കി ആളുകളെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികളെല്ലാം. പോയമാസം ഗംഭീര വിറ്റുവരവോടെ രണ്ടാംസ്ഥാനം ഭദ്രമാക്കിയ ഹ്യുണ്ടായിയും തങ്ങളുടെ മോഡൽ നിരയിൽ കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. പുത്തനൊരു കാർ വാങ്ങുമ്പോൾ ഓഫറുണ്ടോയെന്ന് നോക്കി വാങ്ങുന്ന ഇന്ത്യക്കാർക്കുള്ള ഗംഭീര വിരുന്നാണ് ഇത്തവണത്തേത്.
ക്രെറ്റ, വെന്യു, എക്‌സ്‌റ്റർ തുടങ്ങിയ അതിന്റെ ചില വിൽപ്പന മോഡലുകൾക്ക് ഓഫറുകളൊന്നുമില്ലെങ്കിലും, മറ്റെല്ലാ കാറുകളിലും മികച്ച ഡീലുകളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. 10,000 രൂപ മുതൽ പെട്രോൾ കാറുകൾക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ബ്രാൻഡ് 2023 നവംബർ മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഹ്യുണ്ടായിയുടെ ഇവി ശ്രേണിക്ക് 2 ലക്ഷം രൂപ വരെയും ഈ മാസം ലാഭിക്കാനാവും. ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങളിതാ..
ഹ്യുണ്ടായിയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനമായ ഗ്രാൻഡ് i10 നിയോസ് ആകർഷകമായ ഡിസ്‌കൗണ്ട് സ്കീമുകളോടെ തന്നെ ഇത്തവണ വാങ്ങാനാവും. ഹാച്ച്ബാക്കിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് 43,000 രൂപ വരെയാണ് നവംബർ മാസം ഉപയോഗപ്പെടുത്താനാവുന്നത്. ഇതിൽ സിഎൻജി പതിപ്പുകൾക്ക് 30,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് നൽകുന്നതാണ് ഹൈലൈറ്റ്.
ഇതുകൂടാതെ സിഎൻജി മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. ഗ്രാൻഡ് i10 നിയോസിന്റെ എഎംടി ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 23,000 രൂപയുടെ ക്യാഷ് ഡിസ്‌കൌണ്ടാണ് ഓഫറിലുള്ള മറ്റൊരു ആകർഷകമായ ഡീൽ. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ മറ്റ് എല്ലാ മാനുവൽ പതിപ്പുകൾക്കും 33,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി കോംപാക്‌ട് സെഡാനായ ഓറയുടെ ഉത്സവ സീസൺ ഓഫറിലേക്ക് നോക്കിയാൽ കാറിന്റെ സിഎൻജിയിൽ പ്രവർത്തിക്കുന്ന വേരിയന്റുകൾക്ക് 33,000 രൂപയുടെ ഓഫറാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുന്നത്. അതേസമയം മറ്റെല്ലാ വകഭേദങ്ങൾക്കും 23,000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. ഇവ കൂടാതെ i20, i20 N-ലൈൻ എന്നിവ വാങ്ങുമ്പോൾ നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കാം.
പഴയ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിടി ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക് 40,000 രൂപ വരെയാണ് കമ്പനി ഓഫർ ഇട്ടിരിക്കുന്നത്. മറുവശത്ത് സ്‌പോർട്‌സ് മാനുവൽ പതിപ്പുകൾക്ക് 35,000 രൂപ വരെയും ഹ്യുണ്ടായി ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. മോഡലിന്റെ ബാക്കിയുള്ള എല്ലാ വേരിയന്റുകൾക്കും 20,000 രൂപ വരെയുള്ള സ്ഥിരമായ ഓഫർ ലഭിക്കും. ഇത് സ്റ്റോക്ക് തീരുന്നതുവരെ ലഭ്യമാവുമെന്നാണ് വിവരം.
പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് i20 N-ലൈനിന് അരലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാനാവും. മറുവശത്ത് ഏറ്റവും പുതിയ i20 ഫെയ്‌സ്‌ലിഫ്റ്റിന് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് ലഭിക്കുക. ഏറ്റവും പുതിയ വെർണ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നവംബറിൽ ഉപയോഗപ്പെടുത്താനാവുക. ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ഒരുക്കിയിട്ടുള്ളത്.
അൽകാസർ 7 സീറ്റർ എസ്‌യുവി വാങ്ങുമ്പോൾ പെട്രോൾ വേരിയന്റുകളിൽ 35,000 രൂപ ഡിസ്കൗണ്ട് നൽകുമ്പോൾ ഡീസൽ ലൈനപ്പിന് ലഭിക്കുന്നത് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് മാത്രമായിരിക്കും. ഹ്യുണ്ടായി ഏറ്റവും ഉയർന്ന ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നത് അതിന്റെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായ കോന ഇവിക്കാണ്. വാഹനം വാങ്ങാനെത്തുന്നവർക്ക് ദീപാവലി സമയത്തേക്കായി 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാവും.
ലൊക്കേഷൻ, ഡീലർ പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ച് ഡിസ്‌കൗണ്ട് ഓഫറുകൾ വ്യത്യാസപ്പെടാം എന്നതും ഓർമിക്കേണ്ട കാര്യമാണേ. കൂടുതൽ ഓഫർ വിശദാംശങ്ങൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. നിലവിൽ മോഡൽ നിരയിലാകെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്നതിന്റെ തിരക്കിലാണ് ഹ്യുണ്ടായി. i10 മുതൽ അൽകസാർ വരെ നീളുന്ന മുഴുവൻ വാഹനങ്ങളിലും കമ്പനി ഈ സേഫ്റ്റി ഫീച്ചർ നൽകിയിട്ടുണ്ട്.