ദഹന പ്രശ്നങ്ങൾ ഉള്ളവർ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ

നാം എന്ത് തരം ഭക്ഷണങ്ങളാണോ പതിവായി കഴിക്കുന്നത്, എന്താണോ അവയുടെ സമയക്രമം- എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ വലിയ രീതിയിലാണ് സ്വാധീനിക്കുക. അതുകൊണ്ട് തന്നെ ഭക്ഷണകാര്യങ്ങള്‍ നിസാരമായി കാണുകയേ അരുത്.

ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളേകും. ചില ഭക്ഷണങ്ങളാകട്ടെ ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതായിരിക്കും ഉചിതം.

ഇന്ന് മിക്കവരും പരാതിപ്പെടാറുള്ളൊരു വിഷയമാണ് ദഹനപ്രശ്നങ്ങള്‍. ദഹനപ്രശ്നങ്ങള്‍ ഇല്ലാത്തവരില്ല എന്ന് വേണമെങ്കില്‍ പറയാം. അത്രയും വ്യാപകമാണ് ഇത്. അധികവും മോശം ജീവിതരീതികള്‍ തന്നെയാണ് ഇതിലേക്ക് മിക്കവരെയും നയിക്കുന്നത്.

ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍, ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

അധികപേരും പതിവായി വാങ്ങിക്കാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. പൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നത് ദഹനം സുഗമമാക്കും. മലബന്ധം തടയുന്നതിനും ബ്രൊക്കോളി ഏറെ സഹായകമായ ഭക്ഷണമാണ്.

കട്ടിത്തൈര് പതിവായി കഴിക്കുന്നതും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. എന്ന് മാത്രമല്ല വയറിന്‍റെ ആരോഗ്യം ആകെ മെച്ചപ്പെടുത്തുന്നതിനും കട്ടിത്തൈര് സഹായിക്കുന്നു. ഇത് ക്രമേണ മാനസികാരോഗ്യത്തെ വരെ പോസിറ്റീവായി സ്വാധീനിക്കുന്നതാണ്.

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള, പരമ്പരാഗതമായി ഔഷധമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഇഞ്ചിയാണ് ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു ഭക്ഷണസാധനം. ഇഞ്ചിയും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് ഏറെ സഹായകമാണ്.

പപ്പായയും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് ഏറെ സഹായകമായ ഭക്ഷണമാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ‘പപ്പെയ്‍ൻ’ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്. ഗ്യാസ്- മലബന്ധം എന്നിവയെല്ലാം അകറ്റുന്നതിന് പപ്പായ കഴിക്കുന്നത് നല്ലതാണ്.

പുതിനയിലയും സലാഡുകളിലൂടെയോ ജ്യൂസുകളിലൂടെയോ മറ്റോ പതിവായി അല്‍പം കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഗ്യാസ്, പുളച്ചുതികട്ടല്‍ എന്നിവയ്ക്കെല്ലാം ആശ്വാസം പകരാൻ പുതിനയിലയ്ക്ക് ആവും. ചായയില്‍ ചേര്‍ത്തും ഇത് കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *