കോവിഡ്–19 വ്യാപനത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കുളള നിയമന നടപടികൾ ഊർജിതമാക്കി പിഎസ്സി. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ നിന്ന് 276 പേർക്ക് കഴിഞ്ഞ ആഴ്ച നിയമന ശുപാർശ നൽകി. നിയമന ശുപാർശ നേരിട്ടു നൽകുന്നത് നിർത്തിവച്ചതിനാൽ ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ നൽകുകയായിരുന്നു.
ഉദ്യോഗാർഥികളെ അടിയന്തരമായി നിയമിക്കുന്നതിന് അവരുടെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തിയാണ് നിയമന ശുപാർശാ കത്ത് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു കൈമാറിയത്. ഒറ്റ ദിവസം കൊണ്ടാണ് ഇത്രയും പേരുടെ നിയമന ശുപാർശ പിഎസ്സി തയാറാക്കിയത്. നിയമന ശുപാർശ ലഭിച്ചവരിൽ ഹാജരായ എല്ലാവർക്കും ആരോഗ്യ വകുപ്പ് നിയമനവും നൽകി കഴിഞ്ഞു.
പൂർത്തിയാക്കിയ നിയമന ശുപാർശകൾ ഇനി പറയുന്നവയാണ്
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ 25 ഒഴിവുകൾക്കുള്ള നിയമന ശുപാർശ.
- റേഡിയോഗ്രഫർ ഗ്രേഡ് 2 തസ്തികയുടെ ശുപാർശ.
- മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ 346 ഒഴിവുകളിലേക്കുള്ള നിയമന ശുപാർശ. മാർച്ച് 27ന് ഇതിലേക്കുള്ള നടപടികൾ പൂർത്തിയായി.
നിയമന നടപടി പുരോഗമിക്കുന്നവ ഇനി പറയുന്നവയാണ്
- ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയ്ക്കു വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കു നിയമന ശുപാർശ നൽകും.
- വിവിധ ജില്ലകളിൽ ആരോഗ്യവകുപ്പിലെ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയുടെ റാങ്ക് ലിസ്റ്റ് സോപാധികമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ അവശേഷിക്കുന്നവരുടെ പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് നിയമന ശുപാർശ നടത്താൻ ജില്ലാ ഓഫിസർമാരെ ചുമതലപ്പെടുത്തി. പ്രവർത്തിക്കാൻ കഴിയാത്ത ജില്ലാ ഓഫിസുകളിലെ നിയമന ശുപാർശ തൊട്ടടുത്ത ജില്ലകളിലെ ജീവനക്കാരുടെ സഹായത്തോടെ പൂർത്തിയാക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിശ്ചിത കാലാവധിക്കു ശേഷം നിയമന ശുപാർശ നടത്തുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തിയാണ് ഈ തസ്തികയുടെ നിയമന ശുപാർശ നടത്തുന്നത്.