കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനുവേണ്ടി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ഇബിയുടെ മീറ്റർ റീഡിങ് നിർത്തിവെച്ചതായും, റീഡിങ് എടുക്കാൻ പറ്റാത്ത ഉപഭോക്താക്കളുടെ വൈദ്യുത ബിൽ ശരാശരി കണക്കാക്കി ആണ് നൽകുക എന്നും നിങ്ങൾ ഇതിനകം അറിഞ്ഞിരിക്കുമല്ലോ. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങിയുള്ള മീറ്റർ റീഡിങ് കാരണം റീഡിങ് എടുക്കുന്ന ആൾക്കും അതുപോലെതന്നെ മറ്റുള്ളവരിലേക്കും രോഗം പടർന്നു പിടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് മീറ്റർ റീഡിങ് തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുന്നത്.. നിലവിൽ ലഭ്യമായ ഓർഡറുകൾ അനുസരിച്ച് ഏപ്രിൽ 21 ആം തീയതി മുതൽ മീറ്റർ റീഡിങ് പുനരാരംഭിക്കുന്നത് ആണ്. അതായത് ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 21 മുതൽ ഏപ്രിൽ 15 വരെ റീഡിങ് എടുക്കേണ്ട ഉപഭോക്താക്കൾക്ക് ആണ് ആവറേജ് കണക്കാക്കി ബില്ല് നൽകുന്നത്.. ഇതുമായി ബന്ധപ്പെട്ടുള്ള ഏതാനും കാര്യങ്ങളാണ് ഈ പോസ്റ്റിൽ പറയുന്നത്…
1. എങ്ങനെയാണ് ആവറേജ് കണക്കാക്കുന്നത്?
അവസാനത്തെ 3 ബില്ലിലെ ഉപഭോഗത്തിന്റെ ആവറേജ് ആണ് കണക്കാക്കുക. മൂന്ന് ബില്ല് ലഭിച്ചിട്ടില്ലാത്ത പുതിയ വൈദ്യുതി കണക്ഷനുകൾക്ക് നിലവിലുള്ള കണക്റ്റഡ് ലോഡിന് അനുസൃതമായി ആവറേജ് കണക്കാക്കും.. ഇത് അനുസരിച്ചായിരിക്കും ബിൽ തുക കണക്കാക്കുക.
2. യഥാർത്ഥ ഉപയോഗം ആവറേജിലും കുറവാണെങ്കിൽ ഉപഭോക്താവ് കൂടുതൽ പണം അടക്കേണ്ടി വരില്ലേ?
ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാം. ഉദാഹരണത്തിന് എന്റെ വീട്ടിലെ മീറ്റർ റീഡിങ് 25/3/2020 ന് ആണ് എടുക്കേണ്ടത് എന്ന് കരുതുക. റീഡിങ് എടുക്കാൻ സാധിക്കാത്തതിനാൽ ആവറേജ് കണക്കാക്കി ആയിരിക്കും ബില്ല് തരിക. ഇവിടെ ഇതിനു മുൻപ് റീഡിങ് എടുത്തപ്പോൾ (25/01/2020) ഉള്ള റീഡിങ് 1501 ആണെന്ന് കരുതുക. അവസാന 3 ബില്ലിലെ ഉപഭോഗത്തിന്റെ ആവറേജ് 200 യൂണിറ്റ് ആണെന്നും കരുതുക. ഈ 200 യൂണിറ്റിനുള്ള ബില്ല് ആയിരിക്കും 25/3/2020 ന് എനിക്ക് ലഭിക്കുക. ഇനി ഇവിടെ അടുത്ത റീഡിങ് എടുക്കുന്നത് 25/5/2020 ന് ആയിരിക്കും. അന്ന് എടുക്കുമ്പോൾ കിട്ടിയ റീഡിങ് 1801 ആണെന്ന് കരുതുക. അതായത് 25/1/2020 മുതൽ 25/5/2020 വരെയുള്ള 4 മാസക്കാലയളവിൽ വന്ന ഉപഭോഗം എന്നത് 300 യൂണിറ്റ് മാത്രമാണ്. ഈ 300 യൂണിറ്റ് എന്നത് 2 ബില്ലിംഗ് പിരീഡിൽ ഉള്ള യൂണിറ്റ് ആയതിനാൽ 300 നെ രണ്ടു കൊണ്ട് ഡിവൈഡ് ചെയ്യുകയും ഓരോ ബില്ലിംഗ് പിരീഡിലും 150 യൂണിറ്റ് ഉപഭോഗം വന്നു എന്ന് കണക്കാക്കുകയും ചെയ്യും. ഇതിൽ ആദ്യത്തെ ബില്ലിംഗ് പിരീഡിൽ 200 യൂണിറ്റ് കണക്കാക്കിയാണ് ബില്ല് തന്നിരുന്നത്. ആ ബില്ലിനെ 150 യൂണിറ്റ് കണക്കാക്കി റിവൈസ് ചെയ്യുകയും നമ്മൾ കൂടുതലായി അടച്ച പണം അഡ്വാൻസ് ആയി കണക്കാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ 25/5/2020 ന് ബില്ല് തരുമ്പോൾ ഈ അഡ്വാൻസ് പണം കുറച്ച് അതിനുശേഷമുള്ള തുകയെ അടക്കേണ്ടതുള്ളൂ. ആവറേജ് കണക്കാക്കിയപ്പോൾ കൂടുതൽ തുക അടക്കേണ്ടി വന്നെങ്കിലും തൊട്ടടുത്ത ബില്ലിൽ കൂടുതലായി അടച്ച തുക കിഴിച്ചതിനാൽ ഉപഭോക്താക്കൾക്ക് നഷ്ടം വരികയില്ല.
മാസാമാസം റീഡിങ് എടുക്കുന്ന ഉപഭോക്താക്കൾക്കും ഇങ്ങനെ തന്നെയാണ് ബില്ല് കണക്കു കൂട്ടുക.
3. യഥാർത്ഥ ഉപയോഗം ആവറേജിലും കൂടുതൽ ആണെങ്കിലോ??
കൂടുതലാണെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ തുക കണക്കാക്കുകയും കൂടുതലായി അടയ്ക്കേണ്ട തുക അടുത്ത ബില്ലിൽ വരികയും ചെയ്യും.
4. ഇങ്ങനെ ആവറേജ് കണക്കാക്കിയ ബില്ല് റിവൈസ് ചെയ്യുമ്പോൾ വിവിധ സ്ലാബുകളിൽ ഉള്ള റേറ്റ് പരിഗണിക്കുമോ? അതോ ഒരേ റേറ്റ് ആയിരിക്കുമോ?
സ്ലാബ് റേറ്റ് ബാധകമായ എല്ലാ ഉപഭോക്താക്കൾക്കും അതനുസരിച്ചായിരിക്കും ബില്ലുകൾ നൽകുക.
5. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
a. രണ്ട് മാസം കൂടുമ്പോൾ ബില്ലു വരുന്ന ഉപഭോക്താക്കൾക്ക് ആവറേജ് കണക്കാക്കുന്നത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസത്തെ ഉപഭോഗം കണക്കാക്കിയും മാസാമാസം ബില്ലുകൾ വരുന്ന ഉപഭോക്താക്കൾക്ക് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ ഉപഭോഗം കണക്കാക്കിയും ആണ്. ഈ മാസങ്ങളിലെ വൈദ്യുത ഉപയോഗം മാർച്ച്, ഏപ്രിൽ മാസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കാൻ ആണ് സാധ്യത.. അതുകൊണ്ട് ഇപ്പോഴുള്ള യഥാർത്ഥ ഉപഭോഗം ആവറേജിനേക്കാളും കൂടുതൽ ആയിരിക്കും..
b. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാലും, എല്ലാ ആളുകളും വീടുകളിൽ തന്നെ ഇരിക്കുന്നതിനാലും വ്യാപാരസ്ഥാപനങ്ങളുടെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കുറവാകാനും വീടുകളിലെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കൂടുതൽ ആകാനും ആണ് സാധ്യത.
c. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിൽ വൈദ്യുത ബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കുക ഇല്ല. വൈദ്യുത മോഷണം, സുരക്ഷാപ്രശ്നങ്ങൾ എന്നീ കാരണങ്ങൾകൊണ്ട് മാത്രമേ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയുള്ളൂ. എന്നിരുന്നാലും വൈദ്യുത ബിൽ അടയ്ക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ കെഎസ്ഇബിയുടെ ഓൺലൈൻ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി ബില്ലുകൾ യഥാസമയം അടക്കുന്നതാണ് ഉത്തമം.. ഇല്ലായെങ്കിൽ രണ്ടും മൂന്നും ബില്ലുകൾ ഒരുമിച്ച് അടയ്ക്കേണ്ടി വരുമ്പോൾ വലിയ ഒരു തുക തന്നെ അടക്കേണ്ടി വന്നേക്കാം..
d. മെയ് 3 നു ശേഷം കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ കഴിയുന്നതും എല്ലാ ആളുകളും ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വൈദ്യുത ബിൽ അടക്കാൻ ശ്രമിക്കുക…
കടപ്പാട് : Akhil Chacko Kannur”