കാസർഗോഡ്: മകന്റെ ദാരുണ മരണത്തിന്റെ വേദന സഹിക്കാനാകാതെ പൊയിനാച്ചിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൊയിനാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെ സെൻട്രൽ ഹാളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
സംഭവവിവരം അറിഞ്ഞതിനെ തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മരണ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
വേണുഗോപാലൻ – സ്മിത ദമ്പതികളുടെ ഏകമകൻ എം. ശിവനന്ദൻ (19) മംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ഡിസംബർ 29-നാണ് ശിവനന്ദൻ ട്രെയിൻ തട്ടി മരിച്ചത്.
ബേക്കൽ ബീച്ച് ഫെസ്റ്റിൽ നടക്കുന്ന വേടൻ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് ഈ ദാരുണ അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മകന്റെ മരണത്തിനു ശേഷം ദമ്പതികൾ ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വേണുഗോപാലൻ നായർ നാട്ടിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുമായി സൗഹൃദം പുലർത്തിയിരുന്ന സാമൂഹ്യ പ്രവർത്തകനായിരുന്നു അദ്ദേഹം. നാട്ടിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന വേണുവിന്റെ മരണം സമൂഹത്തെ വേദനിപ്പിച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകന്റെ മരണത്തിനു പിന്നാലെ മാതാപിതാക്കളും ജീവിതം അവസാനിപ്പിച്ചതോടെ പൊയിനാച്ചി പ്രദേശം മുഴുവൻ ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്.
നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ദമ്പതികളുടെ മരണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.





