ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഫോൺ വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
സെവ്റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്ചെയ്ദ് (45) നെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന്റെ വിവരമനുസരിച്ച്, നിർമാണ തൊഴിലാളിയായ നക്ചെയ്ദ് പകൽ മുഴുവൻ ഭാര്യ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകുന്നേരം വീട്ടിലെത്തിയ ശേഷം മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
എട്ടു വയസ്സുകാരിയായ ദീക്ഷയും ഒൻപത് വയസ്സുകാരനായ ഉദയഭാൻഉം അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നക്ചെയ്ദ് കുട്ടികളെ പിടിച്ചുമാറ്റി മർദ്ദനം തുടരുകയായിരുന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് സമീപവാസികൾ പറയുന്നത്.
പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് മനസ്സിലായതോടെ മകൾ പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്ചെയ്ദ് വീണ്ടും വടികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്ക് മുൻപ് തന്നെ മരണം സംഭവിച്ചു.
മർദ്ദിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചതായും, എന്നാൽ അതുകൊണ്ട് മരണം സംഭവിക്കുമെന്ന് കരുതിയില്ലെന്നാണ് ഇയാൾ നൽകിയ മൊഴി.
ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




