☏

InfoKeralam WhatsApp

Latest News & Updates നേരിട്ട് ലഭിക്കൂ

ഞങ്ങളുടെ WhatsApp Channel Join ചെയ്യൂ! 📲

കേരള വാർത്തകൾ, Jobs, Gulf, Entertainment, Trending Updates എന്നിവ WhatsApp-ൽ നേരിട്ട് ലഭിക്കാൻ InfoKeralam Channel ഫോളോ ചെയ്യൂ.

🟢 WhatsApp Channel Join ചെയ്യാം
Sunday, 04 October 2026
Latest News

കാലിൽ ചവിട്ടിയെന്ന് ആരോപണം; നൃത്തത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

https://infokeralam.com/dance-floor-dispute-turns-deadly-19-year-old-stabbed-to-death-in-kollam-six-held/

കൊല്ലം: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തത്തിനിടെ ഉണ്ടായ ചെറിയ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. കൊല്ലം മുഖത്തല കിഴവൂർ സ്വദേശിയായ തേജസ് (19) എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് പിടികൂടി, ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.

ശനിയാഴ്ച രാത്രി മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയുടെ ഫ്ലോട്ടിന് മുൻപിൽ ആളുകൾ നൃത്തം ചെയ്യുന്നതിനിടെയാണ് തർക്കം ഉണ്ടായത്.

നൃത്തം ചെയ്യുന്നതിനിടെ തേജസ് അറിയാതെ ഒരാളുടെ കാലിൽ ചവിട്ടിയെന്നാണ് ആരോപണം. ഇതിനെച്ചൊല്ലി പ്രതികൾ പ്രകോപിതരായി തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. ഇവരിൽ ഒരാൾ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തുകയായിരുന്നു.

കുത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ പിടിച്ചുവെച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സംഭവസമയത്ത് അവിടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉച്ചത്തിലുള്ള സംഗീതവും ഉണ്ടായിരുന്നതിനാൽ തേജസിനെ കുത്തുന്നതും അവൻ നിലവിളിക്കുന്നതും സമീപത്തുണ്ടായിരുന്നവർക്ക് ശ്രദ്ധയിൽപ്പെട്ടില്ല.

കുത്തിയതിന് ശേഷം പ്രതികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് ഒളിവിൽ പോയി.

നൃത്തത്തിനിടെ തേജസ് റോഡിൽ വീണതാകാമെന്ന് കരുതി ചിലർ അദ്ദേഹത്തെ റോഡിന്റെ വക്കിലേക്ക് മാറ്റിക്കിടത്തി. പിന്നീട് സുഹൃത്തുക്കൾ എത്തി തേജസിനെ കണ്ടെത്തുകയും, തനിക്ക് കുത്തേറ്റതായി തേജസ് അവരോട് പറയുകയും ചെയ്തു.

സുഹൃത്തുക്കൾ പല വാഹനങ്ങൾക്കും കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ ഐസ് കൊണ്ടുപോകുന്ന പിക്കപ്പ് ഓട്ടോറിക്ഷയിൽ തേജസിനെ പാലത്തറ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാത്രിയോടെ തേജസ് മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരെയും രണ്ട് പ്രായപൂർത്തിയാകാത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.അഖിൽരാജിന്റെ വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. അഖിൽരാജ് നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും പ്രതികൾക്ക് അഭയം നൽകിയതിനാൽ ഇയാളെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി അന്വേഷണം തുടരുകയാണ്. ക്ഷേത്രോത്സവത്തിനിടെ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

Related Posts