കൊടുങ്ങല്ലൂരിൽ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

 തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. ചാത്തേടത്ത് പറമ്പ് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പിടിച്ചെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയോട് പൊലീസ് ചോദ്യം ചെയ്തപ്പോൾ, താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും കഴിഞ്ഞ 20-ാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും യുവതി മൊഴി നൽകി.

നഴ്‌സിങ് പഠിച്ചിട്ടുള്ളതിനാൽ ശിശുവിനെ സ്വയം വേർതിരിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന ആശയക്കുഴപ്പം ഉണ്ടായതിനെ തുടർന്ന് താൽക്കാലികമായി ഫ്രിഡ്ജിൽ സൂക്ഷിച്ചതാണെന്നും യുവതി മൊഴിയിൽ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Comment