മനസാക്ഷിയെ നടുക്കിയ ക്രൂരത: മോഷണക്കുറ്റം ആരോപിച്ച് മക്കളെ തലകീഴായി തൂക്കി മർദിച്ച പിതാവ്; പത്ത് വയസ്സുകാരി മരിച്ചു

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മനസാക്ഷിയെ നടുക്കുന്ന ക്രൂര സംഭവം. മോഷണക്കുറ്റം ആരോപിച്ച് സ്വന്തം മക്കളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച പിതാവിന്റെ ആക്രമണത്തിൽ പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ 11 വയസ്സുകാരിയായ സഹോദരി ഇപ്പോൾ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടികളുടെ പിതാവായ ദാദു ഹൈബത്ത് യാംഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടികൾ പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് പിതാവ് ദാദു ഹൈബത്ത് യാംഗർ ക്രൂരമായ നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ മർദനത്തെത്തുടർന്ന് പത്ത് വയസ്സുകാരിയായ സനിക സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
11 വയസ്സുകാരിയായ അനൂജയ്ക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായത്. ഇപ്പോൾ അവൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം ആരംഭിച്ചത്. അയൽവാസികൾ കുട്ടികൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ചതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് 10 വയസ്സുള്ള സനികയെയും 11 വയസ്സുള്ള അനൂജയെയും വീടിനുള്ളിലെ ഇരുമ്പ് കമ്പിയിൽ കൈകാലുകൾ കെട്ടി തലകീഴായി തൂക്കി.
രാത്രി മുഴുവൻ കുട്ടികൾ വേദനകൊണ്ട് കരഞ്ഞിട്ടും ദാദു അവരെ അഴിച്ചുവിട്ടില്ല. ദാഹിച്ച് വലഞ്ഞ കുട്ടികൾ വെള്ളത്തിനായി യാചിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കുട്ടികളുടെ മുത്തച്ഛൻ വീട്ടിലെത്തി അവരെ അഴിച്ചുമാറ്റുകയായിരുന്നു. എന്നാൽ അതുവരെ സനിക മരിച്ചിരുന്നു. അനൂജ ബോധരഹിതയായ നിലയിലായിരുന്നു.
കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛനെ ദാദു മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ മുത്തച്ഛന് പരിക്കേറ്റിട്ടുണ്ട്.
സംഭവം പുറത്തറിയാതിരിക്കാൻ സനികയുടെ സംസ്കാരം രഹസ്യമായി നടത്താൻ കുടുംബം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂജ ബോധം വീണ്ടെടുത്ത് ഡോക്ടർമാരോട് സംഭവവിവരം പറഞ്ഞതോടെയാണ് ക്രൂരതയുടെ മുഴുവൻ വിവരങ്ങളും പുറത്തുവന്നത്.
പ്രതിയായ ദാദു ഹൈബത്ത് യാംഗർ തന്റെ ഭാര്യയെയും സമാനമായ രീതിയിൽ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന സൂചനകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. ശ്വാസംമുട്ടിച്ചും മുഖത്ത് കുത്തിയുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്
സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംഗ്ലി പൊലീസ് അറിയിച്ചു.


