ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ ഗുരുതരമായ സാഹചര്യം, സാധാരണ ജനങ്ങളുടെ മരണവും അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും സംബന്ധിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം ആരംഭിച്ചതിന് പിന്നാലെ ഇരുനേതാക്കളും നടത്തുന്ന ആദ്യ നയതന്ത്ര ചർച്ചയാണിത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ചരക്കുകളുടെയും ഊർജ വിതരണത്തിന്റെയും തടസ്സമില്ലാത്ത പ്രവാഹവും ഇന്ത്യയുടെ പ്രധാന മുൻഗണനകളാണെന്ന് മോദി വ്യക്തമാക്കി. സമാധാനത്തിനും സ്ഥിരതയ്ക്കുമായി സംഭാഷണവും നയതന്ത്രവും അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നുതരാമെന്ന് ഇറാൻ സമ്മതിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശ മന്ത്രിയും തമ്മിൽ നടന്ന സംഭാഷണങ്ങൾക്കുശേഷമാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായതെന്ന് സൂചന. എന്നാൽ ഈ റിപ്പോർട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ തയ്യാറായില്ല. ഇതിനിടെ സിഗ്നൽ സംവിധാനങ്ങൾ ഓഫ് ചെയ്ത് ഒരു ചരക്കുകപ്പൽ ഹോർമുസ് കടലിടുക്കുവഴി മുംബൈ തീരത്ത് എത്തിച്ചതായും റിപ്പോർട്ടുണ്ട്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയും ഇറാനും തമ്മിൽ വിദേശ മന്ത്രിമാർ മൂന്നു തവണ സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ പതാകയുള്ള കപ്പലുകൾ കടത്തിവിടുന്ന കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.