X

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം ജില്ലയിൽ വലിയ വിവാദമായ മുള്ളൻപന്നിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി ഒടുവിൽ കീഴടങ്ങി. കുറ്റിച്ചൽ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫിസിൽ വൈകിട്ട് മൂന്നരയോടെയാണ് അദ്ദേഹം കീഴടങ്ങിയത്.

ഫെബ്രുവരി 28-നാണ് കേസിനിടയായ സംഭവം നടന്നത്. വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലേക്കാണ് ഒരു മുള്ളൻപന്നി എത്തിയത്. ഇതിനെത്തുടർന്ന് വീട്ടുകാർ നാട്ടുകാരെയും ബന്ധപ്പെട്ടവരെയും വിവരം അറിയിച്ചു.

വിവരം വാർഡ് അംഗം ഷൈലജയിലൂടെ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെയും അറിയിച്ചു. പിന്നീട് വീട്ടുടമയും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതെന്നാണ് കേസ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെട്ടതും പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതുമാണ് കേസ് ശക്തമാകാൻ കാരണമായത്.

സംഭവത്തെ തുടർന്ന് വനംവകുപ്പ് ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ് മുള്ളൻപന്നി. ഈ ജീവിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്നതാണ്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും വനംവകുപ്പ് അറിയിച്ചു.